വടക്കഞ്ചേരി: ടൗൺറോഡിൽ പതിറ്റാണ്ടുകളായി നടക്കാതിരുന്ന വഴിയോര കച്ചവടക്കാരുടെ പുനരധിവസിപ്പിക്കൽ നടപടി പോലീസ് ഇടപെടലുകളോ മറ്റു വിവാദങ്ങളോ ഇല്ലാതെ പൂർത്തീകരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള വടക്കഞ്ചേരി പഞ്ചായത്തിലെ പുതിയ ഭരണസമിതി.
മൂന്നു പതിറ്റാണ്ടുകൾക്കുശേഷം ഭരണം ലഭിച്ചു കുറഞ്ഞമാസങ്ങൾ കൊണ്ടുതന്നെ ആദ്യദൗത്യം ലഹളകളില്ലാതെ വിജയിപ്പിക്കാനായതു ഭരണസമിതിക്ക് നേട്ടമാകും.
മുന്നോട്ടുള്ള ടൗൺവികസന നടപടികൾക്ക് ഇതു ഊർജമാകുമെന്നാണ് വിലയിരുത്തൽ. ടൗണിലെ അനധികൃത ഓട്ടോസ്റ്റാൻഡുകൾ ഒഴിവാക്കലും ടൗൺറോഡിലൂടെ ടുവേ ബസ് സർവീസ് ഉൾപ്പെടെ പുനരാരംഭിക്കുന്നതിനും ഭരണസമിതിക്ക് ജനങ്ങളുടെ പിന്തുണ ലഭിക്കും.
ഫുട്പാത്തുകളിലേക്ക് ഇറക്കിയ വെയിൽ- മഴമറകളും വഴിയിലേക്കു കച്ചവടസാധനങ്ങൾ ഇറക്കിവയ്ക്കുന്നത് ഒഴിവാക്കാനുമുള്ള ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനങ്ങളും നടപ്പിലാക്കാൻ ഇനി ബുദ്ധിമുട്ടുണ്ടാകില്ല.
ടൗണിലെ കുത്തഴിഞ്ഞ ട്രാഫിക് സംവിധാനം ശരിപ്പെടുത്തിയെടുക്കുന്നതിന്റെ ആദ്യഘട്ട ചുവടുവയ്പ്പ് എന്ന നിലയിലായിരുന്നു വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കൽ ദൗത്യം നടന്നത്. ഇതു സമാധാനപരമായി വിജയിപ്പിക്കാനായതിന്റെ സന്തോഷം പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ് ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾക്കും സെക്രട്ടറി ടി.എസ്. അഭിൻ, അസിസ്റ്റന്റ് സെക്രട്ടറി ഉമ്മർ ഫാറൂഖ് തുടങ്ങിയവർക്കെല്ലാമുണ്ട്.
എല്ലാറ്റിനും ചുക്കാൻ പിടിച്ച കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇല്യാസ് പടിഞ്ഞാറെക്കളം ഉൾപ്പെടെയുള്ള നേതാക്കൾക്കും ഈ ക്രെഡിറ്റ് അവകാശപ്പെടാനാകും.
ടൗൺ റോഡിലെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരേ സമരം നയിച്ചവർതന്നെ പഞ്ചായത്ത് നിർദേശിച്ച പഴയ ദിവസച്ചന്ത സ്ഥലത്തേക്ക് കച്ചവടംമാറ്റാൻ സന്നദ്ധത അറിയിച്ച് രംഗത്തുവന്നതോടെയാണ് ആശങ്കകളുടെ കാർമേഘങ്ങൾ അകന്ന് സഹകരണത്തിന്റെ കൂട്ടായ്മയിലേക്കു മാറിയത്.
വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കലല്ല ചെയ്യുന്നത് പുനരധിവസിപ്പിക്കലാണെന്ന പ്രസിഡന്റിന്റെ പത്രപ്രസ്താവനയും സമരക്കാരെ തണുപ്പിക്കാൻ സഹായകമായി. പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി കച്ചവടക്കാർക്ക് അനുവദിച്ച പ്ലോട്ടിന്റെ ടോക്കൺവിതരണം ഇന്നലെ നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്ന വി.ജെ. ഹുസൈനാർക്ക് ടോക്കൺ നൽകിയാണ് വിതരണോദ്ഘാടനം നിർവഹിച്ചത്. വൈസ് പ്രസിഡന്റ് ശശികല ടീച്ചർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ബി. മഞ്ജുള, അംബികവല്ലി ടീച്ചർ, അസിസ്റ്റന്റ് സെക്രട്ടറി പി.കെ. ഉമ്മർ ഫാറൂഖ്, പഞ്ചായത്ത് മെംബർമാരായ ദീപ ബൈജു, ലൈല കാസിം തുടങ്ങിയവർ പങ്കെടുത്തു.